കേരള സിംഹം വീരപഴശ്ശിയുടെ പേരില്‍ വയനാട്ടില്‍നിന്നൊരു ചെടി. കല്പറ്റ ഫോറസ്റ്റ് റേഞ്ചിലെ കുറിച്യര്‍മല നിത്യഹരിത വനത്തില്‍ കണ്ടെത്തിയ വെളുത്ത പൂക്കളുള്ള കുഞ്ഞു ചെടിയാണ് ഇനി പഴശ്ശിരാജയുടെ പേരില്‍ അറിയപ്പെടുക. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1800-കളില്‍ വയനാടന്‍ കാടുകളില്‍ പോരാട്ടം നടത്തിയ പഴശ്ശിയോടുള്ള ആദരസൂചകമായി 'ഇംപേഷ്യന്‍സ് വീരപഴശ്ശി' എന്നാണ് ചെടിക്ക് പേര് നല്‍കിയിരിക്കുന്നത്.ബാള്‍സമിനേസിയ എന്ന സസ്യ കുടുംബത്തിലെ സ്കാപിജീറസ് ഇംപേഷ്യന്‍സ് വിഭാഗത്തില്‍പ്പെടുന്നതാണ് മഴക്കാലത്തുമാത്രം കാണുന്ന ഈ ചെടി. മരത്തില്‍ പറ്റിപ്പിടിച്ചാണ് ഇത് വളരുന്നത്. എം.എസ്. സ്വാമിനാഥന് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എം.കെ. രതീഷ് നാരായണന്, ഡോ. പി. സുജനപാല്‍ എന്നിവര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്. ആഫ്രിക്കയിലെയും ശ്രീലങ്കയിലെയും ഇംപേഷ്യന്‍സ് ചെടികളെക്കുറിച്ച് പഠിച്ച ക്രിസ്റ്റഫര്‍ ഗ്രേവില്‍സണ്‍ ഈ ചെടി ശാസ്ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ സസ്യങ്ങളെക്കുറിച്ചുള്ള രാജ്യാന്തര പ്രസിദ്ധീകരണമായ 'ജേണല്‍ ഓഫ് ബൊട്ടാണിക്കല്‍ റിസര്‍ച്ച് ടെക്സസ്' ഈ ചെടിയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. കഷ്ടിച്ച് 15 സെന്റിമീറ്റര്‍ ഉയരമുള്ള ചെടിക്ക് നീണ്ട് രോമാവൃതമായ ഇലകളാണുള്ളത്. രണ്ടുമാസം നില്ക്കുന്ന പൂക്കള്‍ മഴ കഴിയുമ്പോള്‍ ചെടിക്കൊപ്പം അപ്രത്യക്ഷമാകും. മരത്തില്‍ പറ്റിപ്പിടിച്ചുനില്ക്കുന്ന കിഴങ്ങ് അടുത്ത മഴക്കാലത്ത് വീണ്ടും കിളിര്‍ക്കും.
കടപ്പാട് : മാതൃഭൂമി
No comments:
Post a Comment