മഴ കുറവുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരിനം ചെറുമരമാണ് ഒടുക്ക് (ശാസ്ത്രീയനാമം: Cleistanthus collinus - ക്ലൈസ്റ്റാന്തസ് കോളിനസ്) വനാന്തർഭാഗങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഒടുവൻ എന്ന പേരിലും മരം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഇലകൊഴിയും വനങ്ങളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്.
ചെങ്കല്ലുള്ള പ്രദേശങ്ങളിൽ ഒടുക്ക് നന്നായി വളരുന്നു. വരൾച്ച സഹിക്കാൻ ശേഷിയുള്ളവയാണ് ഈ ഇനം വൃക്ഷങ്ങൾ.
ഇവയുടെ പുറംതൊലിക്ക് കട്ടിയുണ്ട്. തൊലിയുടെ ഛേദതലം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു. ഇലകൾക്ക് 10 സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയും ഉണ്ട്. ഏപ്രിൽ - മേയ് മാസത്തിലാണ് ഒടുക്ക് പുഷ്പിക്കുന്നത്. പൂക്കളിൽ ആൺ-പെൺ പൂക്കൾ പ്രത്യേകമായുണ്ട്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. 5 മുതൽ 6 വരെ ദളങ്ങൾ ഉണ്ട്. അത്രയും കേസരങ്ങളും കർണ്ണങ്ങളും കാണപ്പെടുന്നു. വനത്തിൽ സ്വാഭാവിക പുനരുത്ഭവം നന്നായി നടക്കുന്നു. കാതലും വെള്ളയും ഉള്ള തടിക്ക് ഇരുണ്ട കറുപ്പു നിറമാണ്. കാതലിനു ഭാരമുണ്ടെങ്കിലും കടുപ്പവും ഭാരവും കുറവാണ്. ഇലയും കായും തടിയും എല്ലാം വിഷമയമാണ്.