കേരളത്തില്‍ സര്‍വ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി (ഇംഗ്ലീഷ്: periwinkle). ഇത് വളരെ ഔഷധഗുണമുള്ള ചെടിയാണ്. ഭാരതം ജന്മദേശമായ നിത്യകല്യാണിയുടെ ശാസ്ത്രനാമം Catharanthus pusillus എന്നാണെങ്കിലും സാധാരണയായി കേരളത്തില്‍ നട്ടുവളര്‍ത്തപ്പെടുന്നതിന്റെ ശാസ്ത്രീയ നാമം Catharanthus roseus എന്നാണ്. മഡഗാസ്കർ ആണ് ഇതിന്റെ ജന്മദേശം. അര്‍ബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആല്‍ക്കലോയ്ഡ്സ് ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ചാണുണ്ടാക്കുന്നത്. രക്തസമ്മര്‍ദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.
നിത്യകല്യാണി, ഉഷമലരി എന്നീ സംസ്കൃതനാമങ്ങള്‍ക്ക് പുറമേ കേരളത്തില്‍ ഈ ചെടി അഞ്ചിലത്തെറ്റി, കാശിത്തെറ്റി, "പാണ്ടിറോസ" എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്.ശവക്കോട്ടകളില്‍ നട്ടുവളര്‍ത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും പേരുകളുണ്ട്. ശവംനാറി എന്ന പേരുമുണ്ട്.പ്രധാനമായും പിങ്ക്, വെളുപ്പ് എന്നീ രണ്ടു നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതിനെ ആദോം ഔവേം (ആദവും ഹവ്വയും) എന്നും വിളിക്കാറുണ്ട്.