കൊടും തണുപ്പും വരള്‍ച്ചയും സഹിക്കാന്‍ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി, അയണി, അയിണി അഥവാ അയിനിപ്പിലാവ് (ശാസ്ത്രീയ നാമം: Artocarpus hirsutus Lam).ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണിത്.
ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം, ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള, ആനിക്കാ, എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോള്‍ ഇതിന്റെ മുള്ളു കലര്‍ന്ന തൊലി കളഞ്ഞാല്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തില്‍ ചുളകള്‍ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു, എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തെടുത്ത് ഭക്ഷിക്കാറുണ്ട്. ചക്കയാവും മുന്‍പെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
ഇവ കൂടുതലും കേരളത്തില്‍ കാണപ്പെടുന്നു . ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റര്‍ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈര്‍പ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്.
ആദ്യത്തെ എട്ടുപത്തുവര്‍ഷം വളര്‍ച്ച സാവധാനത്തിലാണ്. ഇലകള്‍ക്ക് ശരാശരി 15 സെന്റിമീറ്റര്‍ നീളവും 8 സെന്റിമീറ്റര്‍ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവുമുള്ളതാണ്.
ആഞ്ഞിലിയുടെ തടിയ്ക്ക് ഭാരം കുറവായതിനാല്‍ അറക്കാനും പണിയാനും എളുപ്പമാണ്. ആഞ്ഞിലിത്തടി വളരെ നീളത്തില്‍ വളവില്ലാതെ വളരുന്നതിനാല്‍ മരപ്പണിക്കും പ്രത്യേകിച്ച് വിവിധതരം വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. വെള്ളത്തില്‍ കിടന്നാല്‍ കേടുവരില്ല. ചിതല്‍ എളുപ്പം തിന്നുകയുമില്ല.
No comments:
Post a Comment