കേരളത്തിലെ നനവാര്‍ന്ന നിത്യഹരിതവനങ്ങളിലും അര്‍ദ്ധനിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ആറ്റുനൊച്ചി (ശാസ്ത്രീയനാമം: Vitex leucoxylon). നീര്‍നൊച്ചി എന്നും അറിയപ്പെടുന്ന ഈ വൃക്ഷം വെര്‍ബിനേസീ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നു. ആറ്റുതീരത്തു കൂടുതലായി കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ആറ്റുനൊച്ചി എന്ന പേരു ലഭിച്ചതെന്നു കരുതുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.
ആറ്റുനൊച്ചി 10 മുതല്‍ 15 വരെ മീറ്റര്‍ ഉയരത്തില്‍ വളരുന്നു. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. അമിതമായ വരള്‍ച്ച ഈ വൃക്ഷത്തിനു താങ്ങാനാകില്ല. അനുപര്‍ണ്ണങ്ങളില്ലാത്ത ഇലകള്‍ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകളുടെഞെട്ടിന് നീളമുണ്ട്. തണ്ടില്‍ നിന്നും വേര്‍പിരിയുന്ന മറ്റു ചെറുതണ്ടുകളില്‍ മൂന്നോ അഞ്ചോ ഇലകള്‍ വീതം കാണപ്പെടുന്നു. ഇലകള്‍ക്ക് ഏകദേശം 10 സെന്റീമീറ്റര്‍ നീളവും 3 സെന്റീമീറ്റര്‍ വീതിയും ഉണ്ടാകും. പത്രഫലകങ്ങള്‍ ദീര്‍ഘവൃത്താകൃതിയിലാണ്. ഫെബ്രുവരിയിലാണ് പൂക്കാലം ആരംഭിക്കുന്നത്. ഇലയുടെ തണ്ടുകള്‍പോലെ രൂപപ്പെടുന്ന തണ്ടിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. പൂക്കള്‍ക്ക് വെള്ള നിറമാണ്. മഴക്കാലം അവസാനിക്കുമ്പോള്‍ ഫലം മൂപ്പെത്തുന്നു. വിത്തുകള്‍ക്ക് ഇരുണ്ട നിറമാണ്. ജലത്തിലൂടെയാണ് പ്രധാനമായും വിത്തുവിതരണം നടക്കുന്നത്. വനത്തില്‍ നന്നായി സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടിക്ക് വെള്ളയും കാതലും പ്രത്യേകമായുണ്ട്. ഭാരവും ഈടും ഉള്ള തടിയുടെ കാതലിന് ഇളം തവിട്ടു നിറമാണ്. തടി വിവിധ നിര്‍മ്മാണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു.
No comments:
Post a Comment