ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണു് താന്നി. (Terminalia bellirica) വളരെ ഉയരം വരെ ശാഖകളില്ലാതെ വളർന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും. പൂക്കൾ ചെറുതും ഇളം പച്ച നിറമുള്ളതും ചീത്ത മണത്തോടു കൂടിയതുമാണു്. ഫലങ്ങൾ തവിട്ടു നിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണു്. വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
ശരാശരി 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണിത്. ഏതാനും മീറ്റർ വരെ പൊക്കത്തിൽ ശാഖകളില്ലാതെ വളരുന്ന ഈ വൃക്ഷം മഞ്ഞുകാലത്തും വേനൽക്കാലത്തും ഇലപൊഴിക്കുന്ന പ്രകൃതമുള്ളതാണ്. 18-20 സെന്റീമീറ്റർ വരെ നീളവും 5-8 സെന്റീമീറ്റർ വരെ വീതിയിലും കാണപ്പെടുന്ന വലുതും അണ്ഡാകൃതിയിലുള്ളതുമായ ഇലകൾ സമ്മുഖമായോ ഉപസമ്മുഖമായോ വിന്യസിച്ചിരിക്കുന്നു. പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്ന പുഷ്പങ്ങൾ വിളറിയ പച്ചനിറമുള്ളതും രൂക്ഷഗന്ധമുള്ളതുമാണ്. കുലകളായി ഉണ്ടാകുന്ന പൂക്കൾ ദ്വിലിംഗങ്ങളാണ്. നാളീ രൂപത്തിൽ കാണപ്പെടുന്ന ബാഹ്യദളപുടം ത്രികോണാകൃതിയിലുള്ള 5 പാളികളാൽ ആവരണം ചെയ്തിരിക്കുന്നു. ദളങ്ങൾ ഇല്ലാത്ത ഇവയ്ക്ക് രണ്ട് വലയങ്ങളിയായി 10 കേസരങ്ങൾ കാണപ്പെടുന്നു. ഒരു അറമാത്രമുള്ള അണ്ഡാശയത്തിൽ മാംസളവും തവിട്ടു നിറത്തിലുമുള്ള ഒരു ഫലം കാണപ്പെടുന്നു. രോമിലമായ ഫലത്തിന് ഏകദേശം 2-3 സെന്റീമീറ്റർ വ്യാസവും 3-5 സെന്റീമീറ്റർ നീളവും ഉണ്ടായിരിക്കും. ഫലം ഭക്ഷ്യയോഗ്യമാണ്. റോഡരികിൽ നിൽക്കുന്ന താന്നിമരങ്ങളിൽ നിന്നു വീഴുന്ന ഫലങ്ങൾ വാഹനങ്ങൾ പോകുമ്പോൾ പൊട്ടുന്നത് ധാരാളം ഉറുമ്പുകളെ ആകർഷിക്കുന്നത് കാണാം. വെയിലത്ത് ഉണങ്ങുന്ന കായകൾ മഴക്കാലത്തോടെ മിക്കതും മുളയ്ക്കുന്നു. ഈ തൈകൾ പറിച്ചുനട്ട് പുതിയ മരങ്ങൾ ഉണ്ടാക്കാവുന്നതാണ്.
No comments:
Post a Comment