നാട്ടില്‍ കാണുന്ന കുടംപുളിയുടെയും മാങ്കോസ്റ്റിന്റെയും ബന്ധുവായ രാജപുളി അധികം പ്രചാരം ലഭിക്കാത്ത സസ്യമാണ്. ചെറുസസ്യമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും നീളമേറിയവയുമാണ്. തടിയില്‍ കറയും കാണപ്പെടുന്നു.
ദക്ഷിണേന്ത്യന്‍ കാലാവസ്ഥയ്ക്ക് യോജിച്ച രാജപുളിയുടെ കായ്കള്‍ ഉണ്ടാകുന്നത് ചെറുശാഖകളിലാണ്. കായ്കള്‍ക്ക് മാങ്കോസ്റ്റിന്‍ പഴങ്ങളുടെ രൂപമാണ്. പഴങ്ങള്‍ക്ക് നല്ല പുളിരസമുള്ളതിനാലാണ് 'രാജപുളി' എന്ന പേര് ഇവയ്ക്ക് ലഭിച്ചതെന്ന് കരുതുന്നു. കായ്കള്‍ വിളഞ്ഞ് പഴുക്കുമ്പോള്‍ ഓറഞ്ചുനിറമാകും. ഇവ മീന്‍കറികളില്‍ പുളിചേര്‍ക്കാനും അച്ചാറിടാനും ഉപയോഗിക്കാം.
നേരിയ അമ്ലാംശമുള്ള ജലം ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് കൂടുതല്‍ അനുയോജ്യമെങ്കിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലെങ്ങും വളരുന്നതായി കാണുന്നു. രാജപുളിയുടെ വിത്തുകള്‍ മുളപ്പിച്ച തൈകള്‍ നട്ടുവളര്‍ത്താന്‍ ഉപയോഗിക്കാം. പതിവെച്ചെടുത്ത തൈകള്‍ കൃഷിചെയ്താല്‍ നേരത്തേ ഫലം തന്നുതുടങ്ങും.
No comments:
Post a Comment