പഴയ തലമുറയിലെ ജനങ്ങള്‍ അച്ചാറിടാനായി പുളിരസമുള്ള നാടന്‍ അമ്പഴങ്ങകള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വിദേശത്തുനിന്നും മാധുര്യമേറിയ പഴങ്ങള്‍ ഉണ്ടാകുന്ന പുളിക്കാത്ത അമ്പഴ മരങ്ങള്‍ നാട്ടിലെത്തിയിരിക്കുന്നു.
കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായിവളര്‍ന്ന് പഴങ്ങളുണ്ടാകുന്ന ഇവ ആഫ്രിക്കന്‍ സ്വദേശിയാണ്. നല്ല ഇലപ്പടര്‍പ്പോടെ ശാഖകളായി വളരുന്ന പ്രകൃതം. ചെറിയ ഇലകള്‍ക്ക് വേപ്പിലയോട് സാമ്യമുണ്ട്. വേനല്‍ക്കാലത്ത് പലതവണ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മധുരിക്കുന്ന അമ്പഴത്തിന്റെ ശാഖാഗ്രങ്ങളില്‍ കുലകളായാണ് കായ്പിടിത്തം. പഴങ്ങള്‍ മഞ്ഞ, ചുവപ്പു നിറങ്ങളുണ്ടാകുന്ന മധുര അമ്പഴയിനങ്ങളുണ്ട്. മധുര അമ്പഴത്തിന്റെ പഴങ്ങള്‍ നേരിട്ട് കഴിക്കാം. പഴക്കാമ്പിനുള്ളില്‍ ചെറിയ വിത്തും അവയെ പൊതിഞ്ഞ് ചെറുനാരുകളുമുണ്ടാകും. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ പഴങ്ങളില്‍നിന്ന് ഭക്ഷ്യസാധനങ്ങള്‍ നിര്‍മിക്കുകയുമാവാം. മധുര അമ്പഴത്തിന്റെ ഒട്ടുതൈകള്‍ നട്ടുവളര്‍ത്തിയാല്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ പൂത്ത് ഫലം വന്നുതുടങ്ങും.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത പുതുമണ്ണും മധുര അമ്പഴക്കൃഷിക്ക് ഉപയോഗപ്പെടുത്താം. അര മീറ്റര്‍ നീളവും താഴ്ചയുമുള്ള കുഴികളെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് അമ്പഴതൈകള്‍ നടാം. ഒട്ടുതൈകളുടെ യഥാര്‍ഥ മുകുളംമാത്രം വളരാന്‍ അനുവദിക്കുകയും മറ്റു തലപ്പുകള്‍ അടര്‍ത്തിക്കളയുകയും ചെയ്യണം. കേരളത്തില്‍ ഇനിയും മധുര അമ്പഴത്തിന് കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല.
No comments:
Post a Comment