വള്ളി വര്‍ഗ്ഗത്തില്പ്പെട്ട ഒരു ഔഷധസസ്യമാണ് ഇരട്ടിമധുരം. അറേബ്യന്‍ നാടുകള്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഉത്തരേന്ത്യയില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും, ഹിമാലയസാനുക്കൾ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ് ഏറ്റവും കൂടുതല്‍ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു.
Fabaceae സസ്യകുടുംബത്തില്‍ പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Glycyrrhiza glabra എന്നാണ്. ഇംഗ്ലീഷില്‍ Liquorices, Licorice എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഹിന്ദിയില്‍ മുൽഹാതി എന്നറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമങ്ങള്‍ യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയാണ്[1]. അതിരസ എന്ന സംസ്കൃതനാമത്തില്‍ നിന്നുമാണ് ഇരട്ടിമധുരം എന്ന പദം ഉണ്ടായത്.
ഏകദേശം 1.5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇതിന്റെ ഇലകള്‍ ചെറുതാണ്. ഇലകള്‍ ഉണ്ടാകുന്ന തണ്ടുകളോട് ചേര്‍ന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. തണ്ടുകള്‍ക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകള്‍ക്ക് നേരിയ തോതില്‍ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പ്രധാനമായും ഔഷധങ്ങളില്‍ ചേര്‍ക്കുന്നത് വേരാണ് എങ്കിലും തണ്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അര്‍ബുദം, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ ഘൃതങ്ങള്‍, കഷായങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, എണ്ണകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഇരട്ടിമധുരം ഉപയോഗിക്കുന്നു.
No comments:
Post a Comment