ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ജാതി(Myristica fragrans). ലോകത്തില്‍ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ് ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ് ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയില്‍ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപുവ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്. ഇൻഡ്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.
കൃഷി രീതികള്‍ :
നല്ലതുപോലെ മൂപ്പെത്തിയ ജാതിക്ക കൾ ചെടിയിൽ നിന്നും അടർത്തിയെടുത്ത് മണ്ണും മണലും കലർത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ വിത്ത് പാകി പുതിയ മരങ്ങൾ മുളപ്പിച്ച് എടുക്കാം. ഇങ്ങനെ പാകുന്ന സ്ഥലത്ത് തണലും നല്ല ഈർപ്പവും ഉണ്ടായിരിക്കണം. ഏകദേശം രണ്ട് മാസത്തോളം ദിവസവും നനക്കണം. രണ്ട് മാസത്തിനുശേഷം കിളിർപ്പ് ഉണ്ടാകുകയും, രണ്ടില പാകമാകുമ്പോൾ വേരിന് കേട്പാടുകൾ സംഭവിക്കാതെ പോട്ടിംഗ് മിശ്രിതം നറച്ച ചട്ടികളിലോ പോളിത്തീൻ കവറുകളിലോ നടുന്നു. ഇങ്ങനെ നടുന്ന തൈകൾ മഴക്കാലത്തോടു കൂടി പ്രധാന കൃഷിയിടങ്ങളിൽ മാറ്റി നടാവുന്നതുമാണ്. ഇങ്ങനെ നടുന്ന തൈകൾക്ക് തണലായും അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താനുമായി പുതയിടുകയോ തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയോ ചെയ്യാം. ഇങ്ങനെ ഉണ്ടാകുന്ന തൈകളിൽ നിന്നും പത്ത് പെൺ മരത്തിന് ഒരു ആൺ മരം എന്ന രീതിയിൽ നിലനിർത്തി ബാക്കിയുള്ള ആൺ മരങ്ങൾ മുറിച്ച് മാറ്റണം. ജാതി ഇടവിളയായി നടുകയാണേങ്കിൽ തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷങ്ങളുടെ ഇറ്റയിൽ നടുന്നതാണ് ഉത്തമം. കാരണം തെങ്ങും കമുകും ജാതി തൈകൾക്ക് നല്ലതുപോലെ തണൽ നൽകും. ജാതി ഇടവിളയായിട്ടല്ല നടുന്നതെങ്കിൽ തണൽ നൽകുന്നതിനായ് ശീമക്കൊന്ന, മുരിക്ക്, വാഴ, അക്കേഷ്യ തുടങ്ങിയവ നടാം. ഇതിൽ വാഴനടുന്നതാണ് ഏറ്റവും നല്ലത്, കാരണം ആവശ്യത്തിനു തണൽ നൽകുന്നതിനു പുറമേ അന്തരീക്ഷത്തിൽ നല്ലതുപോലെ ഈർപ്പം നിലനിർത്താൻ വാഴകൾക്ക് കഴിയുന്നു. കൂടാതെ വാഴയുടെ വിളവെടുപ്പിനു ശേഷം അവയുടെ അവശിഷ്ടങ്ങൾ ജാതിക്ക് പുതയിടുന്നതിനും ഉപയോഗിക്കാം.
No comments:
Post a Comment