ശുദ്ധജലത്തില്‍ (പൊയ്കകളിലും മറ്റും) വളരുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാവുന്ന ഒരു ചെടിയാണ് ആമ്പല്‍. ഇംഗ്ലീഷ്: വാട്ടര്‍ ലില്ലി (Water lily) ശാസ്ത്രീയനാമം: നിംഫേയ ആൽബ . ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്. കേരളത്തില്‍ സംഘകാലകൃതികളിലെ നെയ്തൽ തിണകളിലെ പുഷ്പം എന്ന നിലയില്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു.
താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. നാടന്‍ ഇനങ്ങള്‍ വെള്ളയും ചുവപ്പും നിറത്തിലാണ്. ഇവ രാത്രിയില്‍ പൂക്കുകയും പകല്‍ കൂമ്പുകയും ചെയ്യും. എങ്കിലും സങ്കര ഇനങ്ങള്‍ ചുവപ്പ്, മെറൂണ്‍, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളില്‍ കാണപ്പെടുന്നു. ഇവ പകലാണ് വിരിയുന്നത് എന്നതിനാല്‍ കൂടുതലായും ഉദ്യാനങ്ങളില്‍ വളര്‍ത്തുന്നു. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പല്‍ ഇനങ്ങള്‍ ലഭ്യമാണ്....
ആമ്പലിന്റെ തണ്ടിന് മൂന്നു മീറ്ററോളം നീളമുണ്ടാകും. സസ്യങ്ങളില്‍ ശ്വാസോച്ഛ്വാസത്തിനായുള്ള സ്റ്റൊമാറ്റ (stomata) എന്ന ഭാഗം കരയില്‍ വളരുന്ന സസ്യങ്ങളില്‍ ഇലകള്‍ക്കടിയിലാണ് കാണപ്പെടുക. എന്നാല്‍ ആമ്പലുകളില്‍ ഇവ ഇലക്കു മുകള്‍ഭാഗത്തായാണ് കാണപ്പെടുന്നത്.
ഇലയുടെ മുകള്‍ഭാഗം ചെറിയ ചെറിയ മെഴുകുപരലുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഇലകളെ വെള്ളം നനയുന്നതില്‍ നിന്നും പ്രതിരോധിക്കുന്നു.
ആമ്പല്‍ പോലുള്ള ജലസസ്യങ്ങള്‍ അതിന്റെ ഇലകള്‍ക്കു മുകളിലേക്ക് വരുന്ന ജലം ഇലയുടെ മദ്ധ്യഭാഗത്തേക്കെത്തിച്ച് ആവശ്യമായ ജലാംശം ആഗിരണം ചെയ്തതിനു ശേഷം ഇല ചെരിച്ച് വെള്ളത്തെ ചെറിയ തുള്ളികളായി പുറത്തേക്കൊഴുക്കുന്നു. ഈ പ്രക്രിയ താമരപ്രഭാവം (lotus effect) എന്നാണ് അറിയപ്പെടുന്നത്.
പൂക്കള്‍ക്ക് മൂന്നു നിര ദളങ്ങള്‍ കാണപ്പെടുന്നു. താമരയെ അപേക്ഷിച്ച് ഇവയുടെ തണ്ടിനു ബലം കുറവാണ്. തണ്ടിനു നീല കലര്‍ന്ന പച്ച നിറമാണ്. പൂക്കള്‍ ജലോപരിതലത്തില്‍ നിന്ന് ഒരടിയോളം ഉയരത്തില്‍ കാണപ്പെടുന്നു. ഇവ 4-5 ദിവസം വിരിഞ്ഞു നില്ക്കുകയും പൂവ് പൂര്‍ണ്ണവളര്‍ച്ചയെത്തിയശേഷം കൊഴിയാതെ വളഞ്ഞ് നുറുങ്ങി വെള്ളത്തിനടിയില്‍ കായ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ മൂപ്പെത്തുവാന്‍ 1-2 മാസം വേണ്ടിവരും. വിളഞ്ഞ വിത്തിന്റെ പുറംഭാഗത്തിന് കറുപ്പുനിറമാണ്. അവ കായില്‍ നിന്ന് വേര്‍പെട്ട് ചെളിയില്‍ മുളച്ചുവരും.
No comments:
Post a Comment