കടുത്ത കാറ്റും വരള്‍ച്ചയും കൊക്കോയുടെ വളര്‍ച്ചക്ക് ദോഷമാണ്. വര്‍ഷം മുഴുവന്‍ മഴ സമമായി ലഭിച്ചാല്‍ നല്ലതാണ്. ജൈവാംശം നല്ല തോതില്‍ അടങ്ങിയിട്ടുള്ള വളപ്പൊലിമയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് എറ്റവും ഉത്തമം. ഇങ്ങനെയുള്ള മണ്ണിന് വെള്ളം പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉണ്ടായിരിക്കും. കുരുമുളപ്പിച്ചതും നാലുമുതല്‍ ആറുവരെ മാസം മൂപ്പുള്ളതുമായ തൈകളും ഒട്ടുതൈകളുമാണ് നടാന്‍ നല്ലത്. മഴയില്ലാത്ത മാസങ്ങളില്‍ ആഴ്ചയില്‍ ഒരു നന വീതം നടത്തണം. വിളവുശേഷി തിട്ടപ്പെടുത്തി വളം ചേര്‍ക്കണം. അണ്ണാന്‍, എലി, മരപ്പട്ടി തുടങ്ങിയ ജന്തുക്കളില്‍ നിന്നും തണ്ടു തുരപ്പന്‍, മീലിമൂട്ടകള്‍, മണ്ഡരി മുതലായ കീടങ്ങളില്‍ നിന്നും സംരംക്ഷണം നടത്തണം. കായ് ചീയല്‍, ബ്ലാക്ക് പോഡ്, വാസ്കുലാര്‍ സ്ട്രീക്ക് ഡൈ ബാക്ക് എന്നിവയാണ് ഇവയില്‍ കാണുന്ന പ്രധാന രോഗങ്ങള്‍.
മികച്ചയിനം കൊക്കോ ക്ലോണുകള്‍ -
സി സി ആര്‍ പി I - കായ്കള്‍ക്ക് ഇടത്തരം വലിപ്പം.
സി സി ആര്‍ പി IV – കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി V - കായ്കള്‍ക്ക് വലിപ്പം കൂടുതല്‍.
സി സി ആര്‍ പി VI - കായ്കള്‍ക്ക് വലിപ്പം കൂടുതല്‍.
സി സി ആര്‍ പി VII - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി VIII - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി IX - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി X - കായകള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
കായ്കള്‍ വിളഞ്ഞുകിട്ടാന്‍ 150-170 ദിവസമെടുക്കും. കായ്കളിലുണ്ടാകുന്ന നിറംമാറ്റമാണ് മൂപ്പു നിശ്ചയിക്കുന്നത്. ഇളംപ്രായത്തില്‍ പച്ചനിറമായിരുന്ന കായ്കള്‍ വിളയാറാകുന്നതോടെ മഞ്ഞനിറമായി മാറും. ഇതോടെ വിളവെടുക്കാമെങ്കിലും കേടാകാതെ മരത്തില്‍ തന്നെ അടുത്ത ഒരു മാസത്തേക്കു കൂടി നിര്‍ത്താവുന്നതാണ്. എന്നാലും രണ്ടാഴ്ചയില്‍ കൂടുതലാകാതെ പറിച്ചെടുക്കുന്നതാണ് നല്ലത്. ശേഖരിച്ച കായ്കള്‍ രണ്ടുമുതല്‍ 15 ദിവസം വരെ അതേ രീതിയില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് വിത്തു പുളിപ്പിക്കലിന് സഹായകമാകും. തടിക്കഷ്ണം കൊണ്ടോ മറ്റോ പുറംതോട് പൊട്ടിച്ച് വിത്തുകള്‍ എടുത്തതിനുശേഷമാണ് യഥാര്‍ത്ഥ സംസ്ക്കരണം.
വിത്തിനെ പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പുള്ള ഭാഗം നീക്കാനും കയ്പുരസം കുറയ്ക്കാനും ശരിയായ മണവും ഗുണവും ലഭിക്കാനും വിത്തിലെ ബീജം നശിപ്പിക്കാനും തൊലി പരിപ്പില്‍ നിന്ന് വേഗം നീങ്ങിക്കിട്ടാനും പുളിപ്പിക്കണം. 60 സെ.മീ. വീതം നീളവും വീതിയും 45 സെ.മീ. ഉയരവുമുള്ള മരപ്പെട്ടികളുടെ അടിഭാഗത്ത് വിടവിട്ട് വെളിയിലേക്ക് നീക്കാവുന്ന വിധത്തില്‍ മരച്ചീളുകള്‍ ഘടിപ്പിച്ച മരപ്പെട്ടികളായിരിക്കണം പുളിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് പുളിപ്പിക്കുന്ന സമയം വിത്തിനു പുറത്തുള്ള വസ്തു അലിഞ്ഞ ദ്രാവകം പുറത്തേക്കുപോരാന്‍ സഹായിക്കുന്നതിനോടൊപ്പം നല്ല വായുസഞ്ചാരം കിട്ടുന്നതിനും ഉപകരിക്കുന്നു. വിത്തു നിറച്ച ശേഷം വാഴയില കൊണ്ടു മൂടണം. ആദ്യം രണ്ടു ദിവസം രണ്ടാമത് 3 ദിവസം , മൂന്നാമത് ഒരു ദിവസം ദിവസങ്ങള്‍ ഇടവിട്ടു മൂന്നുതവണ വിത്തുകള്‍ നിറച്ച പെട്ടികള്‍ മാറ്റണം. പുളിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ആറു ദിവസം വേണ്ടി വരും.
മുളയോ ഈറ്റയോ കൊണ്ടു നിര്‍മ്മിച്ച കൂടകളിലും പുളിപ്പിക്കല്‍ നടത്താവുന്നതാണ്. വിത്ത് കുറച്ചേയുള്ളൂവെങ്കില്‍ ഈ രീതി മതിയാകും. കൂടയില് നിന്നും പുളിപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രാവകം വാര്‍ന്നുപോകാന്‍ സൌകര്യപ്പെടുത്തിയതിനുശേഷം വാഴയിലയിട്ട് വിത്തു നിറക്കണം. മുകളിലും ഇലകള്‍ മൂടിയതിനുശേഷം ഉയരമുള്ള സ്ഥലത്തുവെച്ചാല്‍ ഒരു ദിവസം കൊണ്ടു ദ്രാവകം മുഴുവന്‍ വാര്‍ന്നുപോകും. പിന്നീട് കൂടകള്‍ ചാക്കുകൊണ്ട് മൂടിവെയ്ക്കണം. മൂന്നാം ദിവസവും അഞ്ചാം ദിവസവും വിത്തുകള്‍ നന്നായി ഇളക്കണം. ആറാം ദിവസം പുളിപ്പിക്കല്‍ പൂര്‍ത്തിയാകും. ഇങ്ങനെ പുളിപ്പിച്ച വിത്തുകള്‍ വെയിലിലോ കൃത്രിമച്ചൂടിലോ ഉണക്കിയെടുക്കാം.
No comments:
Post a Comment