നിറവും ഗുണവുമുള്ള വിവിധയിനം മഞ്ഞളിനങ്ങളാണ് ആലപ്പി, വയനാടന്‍, സുഗുണ, സുവര്‍ണ , സുദര്‍ശന, കാന്തി, ശോഭ, സോന, വര്‍ണ തുടങ്ങിയവ. റൈസോമില്‍ ടര്‍മറോള്‍ എന്ന സുഗന്ധതൈലവും കുര്‍കുമിന്‍ എന്ന വര്‍ണവസ്തുവും റെസിനും ആല്‍ക്കലോയിഡുമാണ് മഞ്ഞളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.
മഞ്ഞള്‍ നട്ട് ഇനമനുസരിച്ച് ഏഴുമുതല്‍ ഒമ്പതുമാസം കൊണ്ട് വിളവെടുപ്പിനാകും. ഇലകളും തണ്ടുകളും മഞ്ഞളിച്ച് ഉണങ്ങുന്നതും തണ്ടുകള്‍ ചരിഞ്ഞുവീഴുന്നതും വിളവെടുപ്പിന്റ സൂചനകളാണ്.
സംസ്ക്കരണത്തിലെ വിവിധഘട്ടങ്ങളാണ് പുഴുങ്ങല്‍, ഉണക്കല്‍, പോളിഷിങ്ങ്, നിറംകൊടുക്കല്‍ എന്നിവയാണ്. വിളവെടുപ്പു കഴിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ മഞ്ഞള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് പുഴുങ്ങണം. ശരിയായി വെന്തുകിട്ടാന്‍ മാതൃകാണ്ഡവും ശാഖാകാണ്ഡവും വെവ്വേറെ പുഴുങ്ങുന്നതാണു നല്ലത്. കുറഞ്ഞ അളവില്‍ സംസ്കരിക്കന്നതിന് ചെമ്പുപാത്രമോ മണ്‍പാത്രമോ ആണ് നല്ലത്. പാത്രത്തിന്റെ മുക്കാല്‍ ഭാഗത്തോളം മഞ്ഞള്‍ നിറച്ച് അത് മുങ്ങിക്കിടക്കത്തക്കവിധം വെള്ളമൊഴിച്ചശേഷം മഞ്ഞളിന്റെ ഇലകള്‍ മുകളിലിടുക. പിന്നീട് നനഞ്ഞ ചാക്കിട്ടു മൂടി തിളപ്പിക്കുന്നു. പാകത്തില്‍ വേവാന്‍ ശാഖാകാണ്ഡത്തിന് അരമണിക്കൂറും മാതൃകാണ്ഡത്തിന് മുക്കാല്‍ മണിക്കൂറും വേണം. വേവ് ഗുണത്തെ ബാധിക്കുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഈര്‍ക്കിള്‍ കൊണ്ട് മഞ്ഞളിനെ കുത്തുമ്പോള്‍ നിഷ്പ്രയാസം കഷ്ണങ്ങളില്‍ കൂടി കടന്നുപോകുന്ന പരുവത്തിലാകുന്നതുവരെ തിളപ്പിക്കണം. കൂടുതല്‍ വെന്താല്‍ നിറത്തിന് മങ്ങലേല്‍ക്കും. പുഴുങ്ങിയ മഞ്ഞള്‍ കോരിയെടുത്ത് വെള്ളം വാര്‍ത്ത് കളഞ്ഞ് നന്നായി വൃത്തിയാക്കിയ സിമന്റ് തറയിലോ പായയിലോ നിരത്തണം. നല്ല വെയിലില്‍ ശരിയായി ഉണങ്ങിക്കിട്ടാന്‍ പത്തുദിവസമെങ്കിലും വേണ്ടിവരും. ഉണക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചും മഞ്ഞള്‍ ഉണക്കാം. ഇതിന് 50-60 ഡിഗ്രി സെല്‍ഷ്യസില്‍ താപനില നിയന്ത്രിക്കേണ്ടതാണ്. ഉയര്‍ന്ന താപത്തില്‍ മഞ്ഞളിന്റെ ഗുണനിലവാരം നഷ്ടപ്പെട്ടുപോകാനിടയുണ്ട്. ഉണങ്ങിയ മഞ്ഞളിന് ആകര്‍ഷകനിറം വരുത്താന്‍ പോളിഷ് ചെയ്യേണ്ടതുണ്ട്. അതിനുശേഷം കൂടുതല്‍ നിറം കിട്ടണമെങ്കില്‍ മഞ്ഞള്‍പൊടി മിശ്രിതംകൊണ്ട് ലേപനം ചെയ്തെടുക്കാം. മഞ്ഞള്‍ വേവിക്കുന്ന വെള്ളത്തില്‍ 0.05 മുതല്‍ 0.1 ശതമാനം വരെ ചുണ്ണാമ്പോ സോഡിയം ബൈകാര്‍ബണൈറ്റോ ചേര്‍ത്താല്‍ ആകര്‍ഷകമായ നിറം ലഭിക്കും
No comments:
Post a Comment