നാലു മീറ്റര്‍ ഉയരത്തില്‍ തിളക്കമാര്‍ന്ന ഇലച്ചാര്‍ത്തുകളോടെ ശിഖരിച്ചുവളരുന്ന കുറ്റിച്ചെടിയാണ് മുള്ളന്‍ചക ്ക. മുള്ളാത്ത എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം അനോണ മ്യൂറിക്കേറ്റ (Annona Muricata) എന്നാണ്. സീതപ്പഴവും ആത്തയും ഉള്‍പ്പെടുന്ന ജനുസ്സിലെ മറ്റൊരംഗം.
കരീബിയന്‍ പ്രദേശങ്ങളും മധ്യഅമേരിക്കയുമാണ് ജന്മദേശമെങ്കിലും മുള്ളന്‍ചക്ക ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നട്ടുവളര്‍ത്തിവരുന്നുണ്ട്. ഇളം മഞ്ഞ നിറത്തില്‍ മാംസളമായ ദളങ്ങളോടുകൂടിയ പൂക്കളും നിറയെ മൃദുലമായ മുള്ളുകളാല്‍ ആവൃതമായ ഹൃദയാകാരത്തിലുള്ള ഫലങ്ങളും ഈ സസ്യത്തെ മറ്റിനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.ഫലങ്ങള്‍ പാകമെത്തുന്നതോടെ പള്‍പ്പ് കൂടുതല്‍ രസഭരമാവുന്നു. മധുരവും അല്പം ചവര്‍പ്പും ഉള്ള പള്‍പ്പ് പലതരം പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. മുള്ളന്‍ചക്ക, ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡുകളിലും മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളന്‍ചക്ക കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. ജീവകം സി, ബി1, ബി2, പൊട്ടാസിയം, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. മൂപ്പെത്തിയ കായ്കള്‍ കറിവെക്കുവാനും യോജിച്ചവയാണ്.
തെക്കേ അമേരിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും ഫ്ലോറിഡയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന മുള്ളന്‍ചക്ക കാന്‍സര്‍ ചികിത്സയിലും ഉപയോഗിച്ചുവരുന്നതായി കാണുന്നു. ശരിയായ പഠനങ്ങളുടെ വെളിച്ചത്തിലള്ള ഇതിന്റെ ഉപയോഗമെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗമുള്ളവര്‍ മുള്ളന്‍ചക്ക വര്‍ജിക്കുന്നതാണ് നല്ലത്. മുള്ളന്‍ചക്കയുടെ ഇലകള്‍ക്ക് മൂട്ട, പേന്‍ എന്നിവയെ നശിപ്പിക്കാനുള്ള കെല്‍പ്പുണ്ട്. ജൈവകീടനാശിനികളില്‍ ഉപയോഗസാധ്യതയുള്ളതാണ് ഈ ചെടിവൃക്ഷം.കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം വളര്‍ന്നു കായ്കള്‍ പിടിക്കുന്ന ഈ ചെടിക്ക് നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശമേല്‍ക്കുന്നതുമായ സ്ഥലങ്ങളാണ് ഉത്തമം. കാര്യമായ രോഗ കീടങ്ങളൊന്നും മുള്ളന്‍ചക്കയെ ശല്യം ചെയ്തുകാണുന്നില്ല.
No comments:
Post a Comment