സംസ്കൃതത്തില്‍ പിപ്പലി എന്നറിയപ്പെടുന്ന തിപ്പലി കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതും പടര്‍ന്ന് വളരുന്നതുമായ ഒരു സസ്യമാണ്. ഇംഗ്ലീഷില്‍ ലോങ്ങ്‌പെപ്പെര്‍ എന്നറിയപ്പെടുന്നു.
ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്നു. തിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, അത്തിതിപ്പലി, കാട്ടുതിപ്പലി എന്നിങ്ങനെ വിവിധയിനം തിപ്പലികള്‍ കാണപ്പെടുന്നു. സസ്യഭാഗങ്ങള്‍ക്ക് എരിവ് രസമുണ്ട്. മൂപ്പെത്തിയ തിരികള്‍ക്കാണ് ഔഷധ മൂല്യമേറെയുള്ളത്. തിരികള്‍ മൂപ്പെത്താന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെയെടുക്കും. കറുപ്പ് കലര്‍ന്ന പച്ച നിറമാകുമ്പോഴാണ് പാകം. തിരികള്‍ വെയിലത്തുണക്കിയാണ് വിപണനം ചെയ്യുന്നത്. വേര് പിടിപ്പിച്ച തണ്ടുകള്‍ മഴക്കാലത്ത് കൃഷിസ്ഥലങ്ങളില്‍ നടാം. തണല്‍ ആവശ്യമുള്ള സസ്യം. പഴയ കാലത്ത് തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി നട്ടു വളര്‍ത്തിയിരുന്നു.
തിപ്പലിയില്‍ ആണ്, പെണ്‍ചെടികളുണ്ട്. പെണ്‍ചെടിയിലെ കായ്കള്‍ മാത്രമാണ് മൂപ്പെത്തിയാല്‍ പറിച്ചെടുക്കുക. ഇവ ആണ് ചെടിയിലുണ്ടാകുന്ന കായ്കളേക്കാള്‍ നീളം കുറഞ്ഞതും മുഴുത്തതുമായിരിക്കും. തിരികള്‍ ഉണ്ടായി രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. കായ്കള്‍ മൂപ്പ് കുറഞ്ഞാലും കൂടിയാലും അത് ഔഷധഗുണത്തെ ബാധിയ്ക്കും. പാകമായ തിരികള്‍ പറിച്ചെടുത്ത് നല്ല വെയിലില്‍ അഞ്ചോ ആറോ ദിവസം ഉണക്കണം.അഞ്ച് കൊല്ലം കൂടുമ്പോള്‍ പഴയ ചെടികള്‍ പിഴുതുമാറ്റി പുതിയവ നടണം. പിഴുതുമാറ്റുന്ന ചെടികള്‍ കഷ്ണങ്ങളാക്കി നന്നായി ഉണക്കിയെടുത്താല്‍ തിപ്പലി മൂലമായി. ആയുര്‍വേദത്തില്‍ ഇതിനും ഉപയോഗമുണ്ട്.
ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. അശ്വഗന്ധാരിഷ്ടം, ദശമൂലകടുത്രയകഷായം, ദശമൂലാരിഷ്ടം, ച്യവനപ്രാശം, വില്വാദി ഗുളിക, താലീസപത്രചൂര്‍ണം, അഗസ്ത്യരസായനം, അജമാംസ രസായനം, പഞ്ചകോലം, കൃഷ്ണാവലേഹ്യം, നിര്‍ഗുണ്‍ഡ്വാദി തൈലം, ഭൃഗരാജാദി തൈലം, തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മൂത്രാശയ കല്ല് , ജ്വരം, അതിസാരം, തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.
ചുക്ക്, കുരുമുളക്, തിപ്പലി ഇവ മൂന്നും കൂടി ചേര്‍ക്കുന്നതിനെ ത്രികടു എന്ന് പറയുന്നു. ചുമ, പനി, എന്നിവയുടെ ശമനത്തിനായി തിപ്പലിപ്പൊടി തേനിലോ ചൂട്പാലിലോ ചാലിച്ച് കഴിക്കുന്ന പതിവുണ്ട്.
No comments:
Post a Comment