തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം മേഖലയില്‍ നിന്ന് ഇഞ്ചിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു അപൂര്‍വ്വ ഇനം സസ്യത്തെ കണ്ടെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം മേധാവി ഡോ.എം.സാബുവും ഗവേഷക വിദ്യാര്‍ഥികളായ തോമസ്, പ്രഭുകുമാര്‍ എന്നിവരുമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ഇന്ത്യയിലെ ഇഞ്ചിവര്‍ഗ്ഗങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി അതിരുമലയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ 2008 ലാണ് ഈ ചെടിയെ ഇവര്‍ കണ്ടെത്തുന്നത്. ചെടിയെക്കുറിച്ച് ആധികാരികമായി പഠിക്കുന്നതിനായി നിരവധി തവണ മൂവരും അഗസ്ത്യകൂടം സന്ദര്‍ശിച്ചു. സമുദ്രനിരപ്പില്‍ നിന്നും 3300 ല്‍ അധികം അടി ഉയരത്തിലാണ് ഇവ കാണപ്പെടുന്നതെന്ന് ഡോ.എം. സാബു പറഞ്ഞു. ഇഞ്ചി കുടുംബമായ സിഞ്ചിബറേസിയിലെ അമോമം എന്ന ജീനസ്സില്‍പ്പെട്ട പുതിയ സസ്യത്തെയാണ് കണ്ടെത്തിയത്. സഹ്യാദ്രി വനപ്രദേശത്തു നിന്നു കണ്ടെത്തിയതിനാല്‍ അമോമം സഹ്യാദ്രികം (Amomum sahyadricum) എന്ന് ശാസ്ത്രീയമായി ഇതിനെ നാമകരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന അമോമം മ്യൂരിക്കേറ്റം എന്ന സസ്യവുമായി പൂവിന്റെ നിറത്തില്‍ ഇവയ്ക്ക് സാദൃശ്യം ഉണ്ട്. എന്നാല്‍ മറ്റു സ്വഭാവങ്ങളെല്ലാം വ്യത്യസ്തമാണെന്ന ഈ സംഘത്തിന്റെ പഠനത്തെ സ്‌കോട്ട്‌ലന്‍ഡിലെ പ്രശസ്ത സസ്യവര്‍ഗ്ഗീകരണ ശാസ്ത്രജ്ഞനായ മാര്‍ക്ക് ന്യൂമാന്‍ അംഗീകരിച്ചു. പഠനഫലങ്ങള്‍ അന്താരാഷ്ട്ര സസ്യവര്‍ഗ്ഗീകരണശാസ്ത്ര പ്രസിദ്ധീകരണവും അമേരിക്കന്‍ ജേര്‍ണലുമായ 'നോവണി'ല്‍ പ്രസിദ്ധീകരിച്ചു. ഗവേഷക സംഘത്തിലെ തോമസ് ഇപ്പോള്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രഭുകുമാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കീഴിലുള്ള ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ സസ്യവര്‍ഗ്ഗീകരണ വിഭാഗം ശാസ്ത്രജ്ഞനുമാണ്.
കടപ്പാട് : മാതൃഭൂമി
ghjkjk
ReplyDelete