പടര്‍ന്നുകയറുന്ന വിവിധയിനം വള്ളിച്ചെടികളുടെ പൊതുവായ പേര്. എന്നാല്‍ ഹെഡേറ (Hedera) ജനുസ്സില്‍പ്പെട്ട ചെടികളെയാണ് മുഖ്യമായി ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഐവി (Ivy) എന്നു സാധാരണ അറിയപ്പെടുന്ന ഹെഡേറ ഹെലിക്സ് (Hedera helix) യൂറോപ്പില്‍ സര്‍വസാധാരണമാണ്. പുരാതന ഗ്രീക്കുകാരുടെയും റോമാക്കാരുടെയും കാലം മുതല്‍ തന്നെ ഇത് ഒരു അലങ്കാര സസ്യമെന്ന നിലയില്‍ വളരെയധികം വിലമതിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇത് ഭിത്തികളുടെയും പാറകളുടെയും മറ്റും ആവരണം എന്ന നിലയില്‍ യു. എസ്സില്‍ ധാരാളമായി വളര്‍ത്തപ്പെടുന്നു.
ഒരു നിത്യഹരിതസസ്യമായ ഇതിന്റെ തണ്ടില്‍, ചെടി ചെറുതായിരിക്കുമ്പോള്‍, പറ്റിപിടിച്ചുകയറാന്‍ സഹായകമായ വായവ (aerial) വേരുകള്‍ ധാരാളമായുണ്ട്. എന്നാല്‍ വളര്‍ച്ചയെത്തിയ ഐവിക്ക് കുറ്റിച്ചെടിയുടെ ഘടനയാണുള്ളത്. വായവവേരുകള്‍ ഇവയില്‍ കാണുകയില്ല. പച്ചനിറത്തിലുള്ള ധാരാളം ചെറിയ പൂക്കള്‍ ചേര്‍ന്ന് കുടയുടെ ആകൃതിയുള്ള പൂങ്കുല ആയിത്തീരുന്നു. ശരത്കാലത്താണ് പൂവിടല്‍ . തുടര്‍ന്ന് വസന്തമാവുമ്പോഴേക്ക് കറുത്ത പഴങ്ങള്‍ ഉണ്ടാകുന്നു.
No comments:
Post a Comment