ഒരു സസ്യകുടുംബമാണ് നാജാഡേസീ. ജലനിമഗ്ന സസ്യമായ നാജാസ് (Najas) ജീനസ് മാത്രമേ ഈ കുടുംബത്തിൽ ഉൾപ്പെടുന്നുള്ളു. നാജാസിന് 40 സ്പീഷീസുണ്ട്. ശുദ്ധജലത്തിലും ലവണജലത്തിലും വളരുന്ന ഏകവർഷി സസ്യങ്ങളാണ് ഇവ. നാജാസിന്റെ ശാഖോപശാഖകളോടുകൂടിയ കനംകുറഞ്ഞ കാണ്ഡത്തിന് പർവങ്ങളും പർവസന്ധികളുമുണ്ട്. ചുവടുഭാഗത്തുള്ള പർവസന്ധികളിൽനിന്ന് ഉദ്ഭവിക്കുന്ന വേരുകൾ ജലത്തിനടിത്തട്ടിലേക്കു വളരുന്നു.
നാജാസിന്റെ ഇലകൾ ജോഡികളായാണ് ഉണ്ടാകുന്നത്. ഇവ രേഖീയമോ (linear) കുന്താകാരത്തിലുള്ളതോ ആയിരിക്കും. അനുപർണങ്ങളുള്ള സ്പീഷീസും ഇല്ലാത്തവയുമുണ്ട്. നാജാസിന്റെ ഓരോ ജോടി ഇലകളും ഓരോ തലത്തിലായിരിക്കും. ഇലകൾക്ക് ഉറയും (sheath) ഫലക(blade)വും ഉണ്ട്. ഓരോ ജോടി ഇലകളുടെയും ഷീത്ത്, തൊട്ടുമുകളിലുള്ള ഒരു ജോടി ഇലകളെയും കാണ്ഡത്തെയും പൊതിഞ്ഞിരിക്കും. ഇലയുടെ ഉറയ്ക്കുള്ളിലായി പല്ലുപോലെയുള്ള ഒരു ജോടി ശല്ക്കങ്ങൾ (Scales) കാണുന്നു. ചില സ്പീഷീസിൽ ഇലയുടെ ഉപരിവൃതികോശം മുള്ളു പോലെയായി രൂപാന്തരപ്പെടാറുണ്ട്.
കാണ്ഡത്തിനു ചുവടുഭാഗത്തുള്ള ദൃഢമായ ഇലകളോടനുബന്ധിച്ച് വളർച്ചാമുകുളങ്ങളും (Vegetative buds) പുഷ്പമുകുളങ്ങളുമുണ്ടാകുന്നു. ആൺപെൺ പുഷ്പങ്ങൾ ഒരേ സസ്യത്തിലോ വെവ്വേറെ സസ്യങ്ങളിലോ ഉണ്ടാകുന്നു. ചെറുതും, ഏകലിംഗികളുമായ പുഷ്പങ്ങൾ ഒറ്റയായോ, കൂട്ടമായോ ശാഖാകക്ഷ്യങ്ങളിൽനിന്നാണ് ഉണ്ടാകുന്നത്. ഒരു കേസരം മാത്രമുള്ള ആൺപുഷ്പങ്ങൾ, ഫ്ലാസ്കിന്റെ ആകൃതിയിലുള്ള ഒരു സ്തരജന്യ പർണത്താൽ (Membraneous bract) ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ പെൺപുഷ്പങ്ങളിൽ സാധാരണയായി ഇത്തരം ആവരണം കാണപ്പെടുന്നില്ല. ജലമാർഗമാണ് പരാഗണം നടക്കുന്നത്. അക്കീൻ ആണ് ഫലം. വിത്തിൽ ബീജാന്നം കാണപ്പെടുന്നില്ല.
No comments:
Post a Comment