മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ് ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ് ഈന്തപ്പന വളരുന്നത്. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്. അറബ് രാജ്യങ്ങളിലും, മറ്റ് വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത് വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. സ്വാദിഷ്ടവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്.
15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു.
അറബ് നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന കൃഷിചെയ്യുന്നുണ്ട്.
ഈന്തപ്പഴങ്ങൾ കുലകളായാണ് കാണപ്പെടുന്നത്. ഒരു കുലയ്ക്ക് അഞ്ചുമുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് തുടങ്ങിയ വർണ്ണങ്ങളിലാണ് ഈന്തപ്പഴങ്ങൾ കാണപ്പെടുന്നത്. പൂക്കുലകളുടെ തണ്ടുകൾ ഇലകൾകിടയിൽനിന്നുമാണ് പുറപ്പെടുന്നത്, പഴങ്ങൾ പാകമാവുന്നതോടെ അവ നീണ്ട് പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനിൽക്കുന്ന ഈന്തപ്പനകൾ മനോഹരമായ ഒരു കാഴ്ചയാണ്.
ആൺ-പെൺ പൂവുകൾ വെവ്വേറെ പനകളിലാണ് ഉണ്ടാകുന്നത് - അതിനാൽ ആൺപനയും പെൺപനയും ഉണ്ട്. കൃഷിത്തോട്ടങ്ങളിലും മറ്റും പെൺപനകളാണ് കൂടുതലായും നട്ടുവളർത്തുന്നത്. ഈന്തപ്പന പൂക്കുന്ന സീസണിൽ കൃത്രിമ പരാഗണം വഴിയാണ് പൂക്കളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രജനനം നടത്തുക. ഒരു പനയുടെ ചുവട്ടിൽനിന്നും, മറ്റുപല കാണ്ഡങ്ങളും മുളച്ചുവരും. ഈ കാണ്ഡങ്ങൾ വേർപിരിച്ചു നട്ടാണ് പുതിയ പനകൾ കൃഷിചെയ്യുന്നത്.
വിത്തുകൾ കിളിർപ്പിച്ചും പനംതൈകൾ വളർത്താമെങ്കിലും, ഇങ്ങനെയുണ്ടാകുന്ന പനകളുടെ പഴങ്ങൾക്ക് ഗുണവും വലിപ്പവും കുറവായിരിക്കും. മാത്രവുമല്ല, ആൺ-പെൺ പനകൾ തിരിച്ചറിയുക പ്രായോഗികവുമല്ല. പ്രകൃത്യാ കാണപ്പെടുന്ന പനകൾ കായ്ക്കുന്നതിന് ഏഴുമുതൽ എട്ടുവരെ വർഷങ്ങൾ എടുക്കുമെങ്കിലും, ടിഷ്യു കൾച്ചർ വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന പനകൾ വളരെ ചെറിയപ്രായത്തിൽത്തന്നെ കായ്ച്ചു തുടങ്ങുന്നു.
No comments:
Post a Comment