കല്യാണസൗഗന്ധികം എന്ന വാക്കിനർഥം അതിസുഗന്ധമുള്ള പുഷ്പം എന്നാണ്. ഇന്ത്യൻ മണ്ണിൽ തന്നെയാണ് ഈ പൂച്ചെടിയുടെ പിറവി. ഇതിന്റെ പൂവിന് ചിറകുവിടർത്തിയ ചിത്രശലഭത്തോടു സാമ്യമുണ്ട്. അതിനാൽ ഇതിന് വൈറ്റ് ബട്ടർഫ്ലൈ എന്ന പേരുകിട്ടി. ഇലപ്പുച്ചെടി എന്നും പേരുണ്ട്. ഇഞ്ചിയുടെ കുലത്തിൽ പെട്ടതാണ്.
ചുവട്ടിലെ വിത്തുകിഴങ്ങിൽ നിന്നും മുകളിലേക്ക് രണ്ടു മിറ്ററോളം നീളത്തിൽ നാമ്പുനീട്ടി വളരുന്നു. തണ്ടിൽ ഒലിവ് പച്ച നിറമുള്ള അഗ്രം കൂർത്ത ഇലകൾ ഒന്നിനൊന്ന് എതിർദിശയിൽ ക്രമീകരിച്ചിരിക്കുന്നു. പൂക്കാലം വേനൽ പകുതിയോടെ ആരംഭിക്കുന്നു. തണ്ടിന്റെ അഗ്രഭാഗത്ത് സുഗന്ധമുള്ള വെള്ള പൂക്കൾ കൂട്ടമായി വിരിയുന്നു. ഒരു ദിവസത്തെ ആയുസു മാത്രമേ പൂക്കൾക്കുള്ളു. പൂക്കൾ ക്രമേണ കായ്കൾ ആകും; ഉള്ളിൽ നിറയേ ചുവന്ന വിത്തുകൾ കാണും.
ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും കല്യാണസൗഗന്ധികം ലാൻഡ് സ്കേപ്പു ചെടിയായി വളർത്തുന്നുണ്ട്. ക്യൂബയുടെ ദേശീയ പുഷ്പമാണ് കല്യാണസൗഗന്ധികം. അവിടെ ഈ പുഷ്പം വനിതകൾ മുടിയിൽ ചൂടുക പതിവാണ്. തോട്ടത്തിൽ ഒരു കല്യാണസൗഗന്ധികമെങ്കിലും ഇല്ലെങ്കിൽ തങ്ങളുടെ കാർഷികവൃത്തി അപൂർണമെന്ന് ഇവിടുത്തെ കർഷകർ വിശ്വസിക്കുന്നു.
വിടരാത്ത പൂമൊട്ടുകൾ സലാഡ് പച്ചക്കറിപോലെ ഉപയോഗിക്കുന്ന പതിവുണ്ട്. പൂവിൽനിന്നു വേർതിരിക്കുന്ന പരിമളതൈലം അത്തർ നിർമാണത്തിന് ഉപയോഗിക്കുന്നു. കിഴങ്ങിൽനിന്നെടുക്കുന്ന തൈലം വയറുവേദന ശമിപ്പിക്കും; വിരനാശിനിയായും ഉപയോഗിക്കുന്നു. ഇതിന്റെ തണ്ട് പേപ്പർ വ്യവസായത്തിൽ ഉപയോഗിച്ചുവരുന്നു. മഹത്വവും സുഗന്ധവും ഏറെയുണ്ടെങ്കിലും കല്യാണസൗഗന്ധികം ഇന്ന് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
No comments:
Post a Comment