ഇനങ്ങള്‍
മലബാര്‍, മൈസൂര്‍, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് പണ്ടുമുതലേ കേരളത്തില്‍ കൃഷിചെയ്ത് വരുന്നവ. മലബാര്‍ ഇനം സമുദ്രനിരപ്പില്‍ നിന്നും 600 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷി ചെയ്യുന്നവയാണ്. മൈസൂര്‍, വഴുക്ക ഇനങ്ങള്‍ 900 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെയുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നവയാണ്. നിര്‍ദ്ധാരണം സങ്കരണം എന്നീ കായികപ്രജനന വഴികളിലൂടെ രൂപപ്പെടുത്തി എടുത്തിട്ടുള്ള സങ്കരയിനങ്ങളാണ് ഐ.സി.ആര്‍.ഐ.1,2, പി.വി.1,2, എം.സി.സി.-12, എം.സി.സി.-16, എം.സി.സി.-40, ഞള്ളാനി ഗോള്‍ഡ് തുടങ്ങിയവ. ഹെക്ടറിന് 1456 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനമാണ് ഐ.ഐ.എസ്.ആര്‍ കൊടക് സുവാസിനി. ജലസേചനം നൽകി ശാസ്ത്രീയമായി പരിചരിക്കുന്ന തോട്ടങ്ങളിലാണ് ഇതിന് കൂടുതല്‍വിളവ് ലഭ്യമാകുക. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.
ഏലം:പ്രധാന ഇനങ്ങളും സവിശേഷതകളും | |||||
ഇനം | പ്രത്യേകത | കൃഷിയോഗ്യമായ പ്രദേശം | ഉത്പാദനക്ഷമത കി.ഗ്രാം./ഹെക്ടർ | ||
---|---|---|---|---|---|
ഐ.സി.ആർ.ഐ.-1 (മലബാർ) | നല്ല മുഴുപ്പും കടും പച്ചനിറവുമുള്ള കായ്കൾ, ധാരാളം പൂക്കൾ, കായ്കൾ പെട്ടെന്ന് പാകമാകുന്നു | ഇടുക്കി ജില്ലയിലെ തെക്കൻ മേഖല | 656 | ||
ഐ.സി.ആർ.ഐ.-2 (മൈസൂർ) | നീണ്ട് മുഴുത്ത കായ്കൾ, നന സൗകര്യമുള്ള പൊക്കപ്രെദേശങ്ങൾക്ക് യോജിച്ചത്, അഴുകൾ രോഗത്തെ ചെറുക്കാനുള്ള കഴിവ് | വണ്ടന്മേട്, നെല്ലിയാമ്പതി മേഖലകൾ | 766 | ||
പി.വി.-1 (മലബാർ) | ഇളം പച്ചനിറത്തിലുള്ള നീണ്ട കായ്കൾ വേഗം മൂപ്പെത്തുന്നു. കുറുകിയ തണ്ടുകളിൽ അടുത്തടുത്തായി കായ്കളുടെ വിന്യാസം | കേരളത്തിൽ മുഴുവനും | 500 | ||
എം.സി.സി.-12 (വഴുക്ക) | കായ്കൾക്ക് കടും പച്ചനിറം പകുതി നിവർന്ന ശരങ്ങൾ | നിഴൽ കുറഞ്ഞ പ്രദേശങ്ങൾ | 620 | ||
എം.സി.സി.-16 (വഴുക്ക) | വേഗം മൂപ്പെത്തുന്നു, ചതുപ്പ് നിലങ്ങളിലും നനക്കാൻ സൗകര്യമുള്ളിടത്തെല്ലാം കൃഷിചെയ്യാം | ഇടുക്കി കടുമാക്കുഴി, ഉടുമ്പൻചോല | 650 | ||
എം.സി.സി.-40 (മലബാർ) | വേഗം മൂപ്പെത്തുന്നു, പച്ചനിറം, ഉരുണ്ട് മുഴുത്ത കായ്കൾ | കേരളത്തിൽ മുഴുവനും | 443 | ||
ഞള്ളാനി | ഉരുണ്ട് മുഴുപ്പുള്ള കായ്കൾ, പച്ചനിറം | കേരളത്തിൽ മുഴുവനും | കൃഷിമേഖലയ്ക്കനുസരിച്ച് വ്യത്യാസം |
ഒന്നാം തവാരണ
കല്ലുകളും കട്ടയും മാറ്റിയതും വളക്കൂറുള്ളതും നിരപ്പായതുമായ സ്ഥലമായിരിക്കണം തവാരണ ഉണ്ടാക്കാനായി തിരഞ്ഞെടുക്കേണ്ടത്. ചരിവ് കൂടിയ സ്ഥലങ്ങളിൽ ഭൂമി കിളച്ച് തട്ടുകളായി തിരിക്കണം. 6 മീറ്റർ നീളവും 1 മീറ്റർ വീതിയും 0.3 മീറ്റർ താഴ്ചയുമുള്ള വാരങ്ങൾ ഉണ്ടാക്കി അതിനുമുകളിൽ വളക്കൂറുള്ള മണ്ണും കമ്പോസ്റ്റും മണലും സമം ചേർത്ത മിശ്രിതം രണ്ടര സെന്റീ മീറ്റർ ഘനത്തിൽ വിരിക്കണം. ആരോഗ്യമുള്ള ചെടികളിൽ നിന്നും സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ശേഖരിക്കുന്ന കായ്കൾ മൃദുവായി അമർത്തി വിത്ത് പുറത്തെടുക്കാം. സെപ്റ്റംബർ മാസമാണ് വിത്ത് പാകാൻ പറ്റിയ സമയം. അധികം താഴ്ചയിലല്ലാതെ വിത്തുകൾ നുരയിടുകയോ വിതയ്ക്കുകയോ ചെയ്യാറുണ്ട്. ഒരു ച.മീറ്റർ സ്ഥലത്ത് 10 ഗ്രാം ഏലവിത്ത് മതിയാകും. അതിനുമുകളിൽ നേരിയ ഘനത്തിൽ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതിൽ നനയ്ക്കണം. വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിർത്ത് തുടങ്ങും. വിത്തുകൾ കിളിർക്കുന്നതോടെ പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ചെറു തൈകളെ പന്തലിട്ട് ചൂടിൽ നിന്നും സംരക്ഷിക്കേണ്ടതുമാണ്. ഇങ്ങനെ കിളിർക്കുന്ന തൈകൾ പോളി ബാഗിലോ രണ്ടാം തവാരണയിലോ നടാവുന്നതാണ്.
ബാഗുകളിൽ തൈകൾ നടുന്ന രീതി
പ്രധാനമായും തൈകൾ വില്പനക്കായി നടുമ്പോൾ പോളിബാഗുകളിൽ നടുന്നതാണ് നല്ലത്. രണ്ടാം തവാരണയുടെ കാലാവധി അഞ്ച് മുതൽ ആറ് മാസം വരെ കുറയ്ക്കാം എന്നതാണ് പോളിബാഗിലെ തൈകൾക്കുണ്ടാകുന്ന മെച്ചം. പോളിബാഗു തൈകൾ തയ്യാറാക്കുന്നതിലേക്കായി 100 ഗേജ് കനമുള്ളതും 20 X 20 സെന്റീമീറ്റർ വലിപ്പമുള്ളതും അധികവെള്ളം വാർന്നുപോകുന്നതിന് അടിഭാഗത്ത് ഒരേ വലിപ്പത്തിൽ നാല് ദ്വാരങ്ങൾ ഇട്ടിട്ടുള്ളതുമായ പോളിബാഗുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ 3:1:1 എന്നതോതിൽ വളക്കൂറുള്ള മേൽമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ കലർത്തിയ മിശ്രിതം നിറയ്ക്കുക. മൂന്നുമുതൽ നാല് ഇലകൾ വരെയുള്ള തൈകൾ ഒരു ബാഗിൽ ഒന്ന് എന്ന കണക്കിൽ ഒന്നാം തവാരണയിൽ നിന്നും ഇതിലേയ്ക്ക് പറിച്ചുനടാവുന്നതാണ്. ബാഗുകൾ തമ്മിൽ അകലം നൽകുന്നത് കൂടുതൽ ചിമ്പുകൾ ഉണ്ടാകുന്നതിന് സഹായകരമാകും. തൈകളുടെ വളർച്ചയിലും ചിമ്പുകളുടെ എണ്ണത്തിന്റെ കാര്യത്തിലും ഐക്യരൂപം ഉണ്ടാകുമെന്നതാണ് ഈ രീതിയുടെ ഗുണം. കൂടാതെ ഈ തൈകൾ കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലത്ത് (രണ്ടാം തവാരണ) നടുമ്പോൾ നല്ല വളർച്ചയും ഉണ്ടാകും.
രണ്ടാം തവാരണ
ആദ്യം വിതച്ച സ്ഥലത്ത് 6 മാസം പിന്നിടുമ്പോൾ രണ്ടാമതൊരു നഴ്സറി കൂടി തയാറാക്കി അവിടേക്ക് മാറ്റി നടാവുന്നതാണ്. രണ്ടാമത്തെ നഴ്സറിയിൽ നിന്നും 1 വർഷത്തിനുശേഷം തോട്ടത്തിലേക്ക് മാറ്റി നടാവുന്നതാണ്. ജൂൺ- ജൂലൈ മാസങ്ങളാണ് ഇങ്ങനെ മാറ്റി നടാൻ അനുകൂലമായ സമയം. ആദ്യ തവാരണയിലേതുപോലെ സ്ഥലം വെടിപ്പാക്കി ജൈവവളങ്ങൾ ചേർത്ത്; തൈകൾ തമ്മിൽ 20 സെന്റീ മീറ്റർ അകലത്തിൽ നടുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശം വളർച്ചക്ക് അനുയോജ്യ ഘടകമായതിനാൽ തണൽ ക്രമീകരിക്കുന്നു. കൂടാതെ ഈർപ്പം നിലനിർത്തുന്നതിനും കളകളുടെ വളർച്ച തടയുന്നതിനും പുതയിടുകയും ചെയ്യുന്നു. മഴ ലഭിക്കുന്നില്ലാ എങ്കിൽ ജലസേചനവും വളർച്ച കുറവെന്ന് തോന്നിയാൽ 4 ചതുരശ്ര മീറ്റർ സ്ഥലത്ത് 50 ഗ്രാം എന്ന തോതിൽ കോംപ്ലസ് വളം 20:20 ആകെ വളത്തിന്റെ 35%, പൊട്ടാസ്യം സൾഫേറ്റ് 15%, മഗ്നീഷ്യം സൾഫേറ്റ് 15%, സിങ്ക് സൾഫേറ്റ് 3% എന്നിവ രണ്ടാഴ്ച ഇടവിട്ട് നൽകാറുണ്ട്. രണ്ടാം തവാരണയിൽ ഒരു വർഷമായാൽ തൈകൾ തോട്ടത്തിലേക്ക് നടാവുന്നതാണ്.
No comments:
Post a Comment